
Jawahar Navodaya Vidyalaya 6th Class 2025-2026-27 Application
ജവഹർ നവോദയ വിദ്യാലയ ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റ് 2026-27 ന് ഓൺലൈൻ അപേക്ഷ
ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 2026-27 വർഷത്തിലെ സെലക്ഷൻ ടെസ്റ്റിന് അപേക്ഷിക്കാം. ഗ്രാമീണമേഖലകളിലെ വിദ്യാർഥികൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച നവോദയ വിദ്യാലയങ്ങൾ മികച്ച പഠനസൗകര്യങ്ങൾ സൗജന്യമായി നൽകുന്നു. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 654 വിദ്യാലയങ്ങൾ ഉണ്ട്. കേരളത്തിലെ 14 ജെഎൻവികൾ ഇവയാണ്: ചെന്നിത്തല (ആലപ്പുഴ), നേരിയമംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂർ), പെരിയ (കാസർകോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂർ (കോട്ടയം), വെൺകുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂർ (തൃശ്ശൂർ), ലക്കിടി (വയനാട്).
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) പരീക്ഷകൾക്ക് വിദ്യാർഥികളെ തയ്യാറാക്കുന്നു. എട്ടാം ക്ലാസ് വരെ പഠനമാധ്യമം മാതൃഭാഷയായിരിക്കും. തുടർന്ന് കണക്ക്, സയൻസ് വിഷയങ്ങൾക്ക് ഇംഗ്ലീഷും സോഷ്യൽ സയൻസിന് ഹിന്ദിയുമായിരിക്കും.
സഹവിദ്യാഭ്യാസ രീതിയിലുള്ള പഠനത്തിൽ താമസം, ഭക്ഷണം, യൂണിഫോം, പുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. ഒൻപതുമുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ വിദ്യാലയ വികാസ് നിധിയിലേക്ക് 600 രൂപ നൽകണം. പെൺകുട്ടികൾ, പട്ടികജാതി/വർഗ്ഗക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ഇളവിന് അർഹതയില്ലാത്ത കുട്ടികൾ (ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്നവർ, മുകളിൽ പറഞ്ഞ വിഭാഗക്കാർ ഒഴികെ) സർക്കാരുദ്യോഗസ്ഥരുടെ മക്കൾ 1500 രൂപയോ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ അലവൻസോ നൽകണം.
സീറ്റ്, സംവരണം
ഓരോ വിദ്യാലയത്തിലും 80 പേർക്ക് പ്രവേശനം നൽകും. 75 ശതമാനം സീറ്റുകൾ ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകൾ മെറിറ്റടിസ്ഥാനത്തിൽ ഗ്രാമീണ-നഗര പ്രദേശക്കാർക്കായി നൽകും.
ഗ്രാമീണമേഖലയിലുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത സ്കൂളുകളിൽ 3, 4, 5 ക്ലാസുകളിൽ പഠിച്ചവരെ ഗ്രാമീണമേഖലാ സംവരണസീറ്റിലേക്ക് പരിഗണിക്കും. അഞ്ചാംക്ലാസിലെ പഠനം പ്രവേശനം തേടുന്ന ജില്ലയിലെ ഗ്രാമീണമേഖലയിലെ സ്കൂളിലായിരിക്കണം. 3, 4, 5 ക്ലാസുകളിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശത്തെ സ്കൂളിൽ പഠിച്ചവരെ നഗരപ്രദേശ വിദ്യാർഥിയായേ കണക്കാക്കൂ. മൂന്നിൽ ഒന്ന് സീറ്റ് പെൺകുട്ടികൾക്കാണ്. പട്ടിക/ഒബിസി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണമുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക സംവരണമില്ല.
അഡ്മിഷൻ ടെസ്റ്റ്
ഒഎംആർ രീതിയിൽ നടത്തുന്ന ജെഎൻവി സെലക്‌ഷൻ ടെസ്റ്റ് രണ്ട് ഘട്ടങ്ങളിലായി നടത്തും. മിക്ക സംസ്ഥാനങ്ങളിലും ടെസ്റ്റ് ഡിസംബർ 13-ന് രാവിലെ 11.30 മുതൽ 1.30 വരെയാണ്. ചില പ്രദേശങ്ങളിലേത് 2026 ഏപ്രിൽ 11-ന് രാവിലെ 11.30 മുതൽ 1.30 വരെയും നടത്തും. ഭിന്നശേഷിവിഭാഗക്കാർക്ക് 40 മിനിറ്റ് അധികം ലഭിക്കും. പരീക്ഷയ്ക്ക് മൂന്നുവിഭാഗങ്ങളിലായി 100 മാർക്കിനുള്ള 80 ചോദ്യങ്ങളുണ്ടാകും. മെന്റൽ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങൾ, 50 മാർക്ക്, 60 മിനിറ്റ്), അരിത്‌മെറ്റിക് ടെസ്റ്റ് (20, 25, 30), ലാംഗ്വേജ് ടെസ്റ്റ് (20, 25, 30) എന്നിവ ഉണ്ടാകും.
ശരിയുത്തരത്തിന് ഒന്നേകാൽ മാർക്ക് ലഭിക്കും. നെഗറ്റീവ് മാർക്കിങ് ഇല്ല. നീല/കറുപ്പ് മഷിയുള്ള ബോൾ പോയൻറ് പേന ഉപയോഗിക്കാം. പരീക്ഷാർഥി പേന കൊണ്ടുവരണം. പെൻസിൽ ഉപയോഗം അനുവദനീയമല്ല. കേരളത്തിൽ പരീക്ഷയെഴുതുന്നവർക്ക് ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ ചോദ്യപ്പേപ്പർ ലഭ്യമാകും. ഏതു ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് അപേക്ഷയിൽ വ്യക്തമാക്കണം.
പ്രവേശനയോഗ്യത
അപേക്ഷകർ 1.5.2014-നു മുൻപോ 31.7.2016-നു ശേഷമോ ജനിച്ചവരായിരിക്കരുത്. പട്ടിക, ഒബിസി, ഭിന്നശേഷി വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്. അപേക്ഷാർഥികൾ പ്രവേശനം തേടുന്ന ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. 2025-26 അധ്യയനവർഷത്തിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നവരായിരിക്കണം. 2025-26-ൽ അഞ്ചാംക്ലാസ് പരീക്ഷ ജയിക്കുകയും വേണം.
2025-26-നുമുൻപ് അഞ്ചാംക്ലാസ് ജയിച്ചവർ, 2025-26-ൽ രണ്ടാം ചാൻസിൽ അഞ്ചാംക്ലാസ് ജയിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാൻ കഴിയില്ല. നവോദയ പ്രവേശനപരീക്ഷ ഒരിക്കൽ എഴുതിയവർക്ക് വീണ്ടും പരീക്ഷ എഴുതാൻ കഴിയില്ല.
അപേക്ഷ
അപേക്ഷ ജൂലായ് 29 വരെ നൽകാം. അപേക്ഷാഫീസ് ഇല്ല. എല്ലാ ജെഎൻവികളിലും അപേക്ഷാസമർപ്പണ സഹായത്തിനു ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.
ആവശ്യമായ രേഖകൾ
NVS ക്ലാസ് 6 പ്രവേശനത്തിന് അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ:
- ജനന സർട്ടിഫിക്കറ്റ്
- താമസ സർട്ടിഫിക്കറ്റ്
- ഗ്രാമീണ മേഖല പഠന സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC)
- വൈകല്യ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- ആധാർ കാർഡ്
- വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
- വിദ്യാർത്ഥിയുടെയും രക്ഷിതാവിൻ്റെയും ഒപ്പ്
- മാതാപിതാക്കളുടെ താമസ തെളിവ് (വോട്ടർ ഐഡി അല്ലെങ്കിൽ റേഷൻ കാർഡ്)
- സ്കൂൾ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ്
- ഈ രേഖകൾ വ്യക്തവും വായിക്കാൻ കഴിയുന്നതുമായിരിക്കണം.
പൊതുവായ പ്രധാന സവിശേഷതകൾ
► എല്ലാ ജില്ലകളിലും കോ-എജ്യൂക്കേഷണൽ റസിഡൻഷ്യൽ സ്‌കൂൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്‌റ്റൽ സൗകര്യം
►സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസം
►മൈഗ്രേഷൻ സ്‌കീം മുഖേന വിപുലമായ സാംസ്കാരിക കൈമാറ്റം, സ്പോർട്‌സിൻ്റെയും ഗെയിമുകളുടെയും പ്രോത്സാഹനം
►NCC, സ്കൗട്ട്സ് & ഗൈഡ്‌സ്, NSS