പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം
പദ്ധതി വിവരങ്ങൾ
ധനസഹായത്തിനുള്ള അറിയിപ്പ്
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന മൺപാത്ര ധനസഹായം, ടൂൾകിറ്റ് ഗ്രാന്റ് എന്നിവയുടെ 2025 -2026 വർഷത്തെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 11-07-2025 തീയതിൽ നിന്നും 25 -07-2025 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
അപേക്ഷിക്കാനുള്ള യോഗ്യത
ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ഈ സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
ഓൺലൈൻ വഴി അപേക്ഷിക്കാം. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. പിന്നീട് ജൂലൈ 25 വരെ നീട്ടി.
മേഖലാ ഓഫീസുകൾ
- കൊല്ലം മേഖലാ ഓഫീസ് - 0474 - 2914417
- എറണാകുളം മേഖലാ ഓഫീസ് - 0484 - 2429130
- പാലക്കാട് മേഖലാ ഓഫീസ് - 0492 - 2222335
- കോഴിക്കോട് മേഖലാ ഓഫീസ് - 0495 - 2377786
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025
ധനസഹായ പദ്ധതി - കൂടുതൽ വിവരങ്ങൾ
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്ത, 60 വയസ്സ് കവിയാത്ത, സംസ്ഥാനത്തെ മറ്റു സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട, നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും
സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകി ഈ തൊഴിൽ അന്യം നിന്ന് പോകാതെ നിലനിർത്തുന്നതിനും, ഈ തൊഴിലിലേക്ക് പുതുതലമുറയെക്കൂടി ആകർഷിക്കുന്നതിനും, മൺപാത്ര ഉപയോഗത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം എന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
- അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
- അപേക്ഷകൻ കേരളീയനായിരിക്കണം.
- കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്.
- അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാന്റ് 50,000/- രൂപ ആയിരിക്കും.
- മൺപാത്ര വിപണനം മാത്രം നടത്തുന്നവർക്ക് ഈ പദ്ധതിപ്രകാരം ധനസഹായം അനുവദിക്കുന്നതല്ല.
- അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
- നിലവിൽ മൺപാത്ര നിർമ്മാണ തൊഴിൽ ചെയ്യുന്നവരായിരിക്കണം.
- ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷയിൽ മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
- യാതൊരു കാരണവശാലും ഒരു അപേക്ഷകൻ ഒന്നിലധികം പ്രാവശ്യം രജിസ്ട്രേഷൻ നടത്താൻ പാടുള്ളതല്ല.
- അപേക്ഷിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ ആദ്യപേജിന്റെ പകർപ്പ്, വസ്തുവിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, നിലവിൽ നിർമ്മാണതൊഴിൽ ചെയ്യുന്നവരാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവി/സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ഇതേ ആവശ്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (സെക്രട്ടറി ഒപ്പുവെച്ചത്), ഖാദി ബോർഡിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, വെള്ള കടലാസിൽ തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട്, അപേക്ഷകൻ മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് അയക്കേണ്ടതില്ല.
- ബന്ധപ്പെട്ട റവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പറും, സെക്യൂരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
- ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. കുടുംബാംഗങ്ങളുടെയോ, മറ്റുള്ളവരുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൗണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
- ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
- പരിശോധനാ വേളയിൽ ഗുണഭോക്താവ് വിജ്ഞാപന മാനദണ്ഡ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നു എന്ന് വകുപ്പ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നപക്ഷം അപേക്ഷ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം വകുപ്പിൽ നിക്ഷിപ്തമാണ്.
- കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുകളുടെ ഫോൺ നമ്പറുകളിലോ, ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 25.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂലൈ 25

